സഹപാഠിയുടെ പേന കൊണ്ട് വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്ക്, അമ്മ എത്തും വരെ ആശുപത്രിയില്‍ കൊണ്ടുപോകാതെ അധ്യാപകര്‍

കോഴിക്കോട്: വയനാട് ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് കുട്ടിക്ക് ചികിത്സ വൈകിയതിന് സമാനമായ സംഭവം കോഴിക്കോടും. സ്‌കൂളില്‍ വെച്ച് കണ്ണിന് പരുക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അമ്മ സ്‌കൂളില്‍ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായത്. കുട്ടിയുടെ കണ്ണിന് പരുക്കുണ്ടെന്നും കാഴ്ചയെ സംബന്ധിച്ച് ഒരു ഉറപ്പും ഇപ്പോള്‍ നല്‍കാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എ കെ ടി എം സ്‌കൂളില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിയായ തന്‍വീറിന്റെ കണ്ണിന് പരുക്ക് പറ്റുകയായിരുന്നു. സഹപാഠിയുടെ പേന കൊണ്ടാണ് കുട്ടിയുടെ കണ്ണില്‍ പരുക്ക് പറ്റിയത്. അതേസമയം കുട്ടിയുടെ കണ്ണിന് പരിക്കേറ്റ കാര്യം രക്ഷിതാക്കളെ അറിയിച്ചത് ഒന്നര മണിക്കൂര്‍ വൈകി രണ്ടര മണിയോടെയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് മണിക്ക് സ്‌കൂളില്‍ എത്തിയ അമ്മയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.

Loading...

സ്‌കൂള്‍ അധികൃതര്‍ സമയത്ത് തന്നെ വിവരം അറിയിച്ചിരുന്നെങ്കില്‍ കുട്ടിക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടിയുടെ കാഴ്ചയെ കുറിച്ച് ഇപ്പോള്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അതേസമയം ഒറ്റപ്പാലത്ത് യു കെ ജി വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്.

സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.

അതേസമയം സുല്‍ത്താന്‍ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഷെഹ്ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പോലീസ്. കുട്ടിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.

അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടിയത്. ഇതിന് മറുപടിയായി നല്‍കിയ റിപ്പോര്‍ട്ടിലാണ് അധ്യാപകരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.