തങ്കം സിനിമയുടെ പ്രമോഷനെത്തിയ നടി അപര്‍ണ ബാലമുരളിയോട് വിദ്യാർത്ഥി മോശം പെരുമാറ്റം നടത്തിയ സംഭത്തില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും എറണാകുളം ഗവ. ലോ കോളജ് യൂണിയൻ. നടിക്ക് നേരെ വിദ്യാർഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ടകരമായ സംഭവം ഖേദകരമെന്ന് യൂണിയന്‍ പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും യൂണിയൻ വ്യക്തമാക്കി.
വിനീത് ശ്രീനിവാസനടക്കമുള്ളവർ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ലോ കോളജിലെത്തിയത്. നടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും എന്താടോ ലോ കോളജ് അല്ലേ എന്ന് ചോദിക്കുകയും ചെയ്തു.
സംവത്തെക്കുറിച്ച് അപർണ്ണ ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ
സ്തബ്ധയായിപ്പോയെന്നാണ് താരം കുറിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ തരത്തിലുള്ള വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് യൂണിയൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.