‘ഞാന്‍ പോകുന്നു’ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

മലപ്പുറം: വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത്് ആത്മഹത്യ ചെയ്ത പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഞാന്‍ പോകുന്നു, എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. നോട്ടുബുക്കിലാണ് ഇതെഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില് മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തത്. അതേസമയം വിദ്യാഭ്യാസ മന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ വിദ്യാര്‍ത്ഥിനിയായ ദേവിക എന്ന 14കാരിയാണ് ജീവനൊടുക്കിയത്. തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ – ഷീബ ദമ്പതികളുടെ മകള്‍ ആണ് ദേവിക.
വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് ഇന്നലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ തന്നെയാണ് ഇതെന്ന് ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം കുട്ടി പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും പറയുന്നു.

Loading...

വീട്ടിലെ ടി വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മരണം ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനം.