കാഴ്ച്ചകളുടെ വിസ്മയം തീർത്ത് ഗ്ലോബൽ വില്ലേജിൽ സ്റ്റണ്ട് ഷോ

Loading...

ദുബൈ: 30 അന്താരാഷ്ട്ര കലാകാരന്മാര്‍ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങളുമായി ദുബായ് ഗ്ലോബൽ വില്ലേജിൽ സ്റ്റണ്ട് ഷോ. കാറുകളുടെ മത്സരയോട്ടം, ബൈക്കുകളുടെ വിസ്മയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ എന്നിവ കാഴ്ച്ചകളിൽ ചിലത് മാത്രം.ആയിരത്തോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് പ്രദര്‍ശനം വീക്ഷിക്കാന്‍ പാകത്തില്‍ ഗ്ലോബല്‍ വില്ലേജ് നഗരിയില്‍ പ്രത്യേക സ്ഥലസൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. മികച്ച ദൃശ്യ വെളിച്ച ശബ്ദ വിന്യാസത്തിന്‍റെ അകമ്പടിയോടെ അരീന മാതൃകയില്‍ തയ്യാര്‍ ചെയ്ത വേദിയിലെ പ്രകടനങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വീക്ഷിക്കുന്നതിന് വലിയ സ്‌ക്രീനുകളും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
കൃത്രിമമായി രൂപംകൊടുത്ത ഒരു ടൗണ്‍ഷിപ്പ് സെന്‍ററിലെ പുരാതന മ്യുസിയത്തില്‍ നിന്ന് അമൂല്യമായ ‘ബ്ലാക് പേള്‍’ ഒരു സംഘം കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോകുന്നതും അവരെ പിന്തുടര്‍ന്നെത്തുന്ന പോലീസ് സംഘങ്ങളുടെ അതിസാഹസികവും കോരിത്തരിപ്പിക്കുന്നതുമായ സംഘട്ടന രംഗങ്ങള്‍ പിന്നിട്ട് കൊള്ളക്കാരെ പിടികൂടുന്നതുമാണ് കാണികള്‍ക്ക് ശ്വാസം അടക്കിപ്പിടിച്ചിരുന്നു കാണത്തക്ക വിധത്തില്‍ സംവിധാനിച്ചിട്ടുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍, സ്‌പോര്‍ട്‌സ് ബൈക്കുകള്‍, കാറുകള്‍ എന്നിവ ഉപയോഗിച്ച് തീ ഗോളങ്ങളിലൂടെയുള്ള പ്രകടനങ്ങള്‍, കൊള്ളക്കാരെ പിന്തുടര്‍ന്നുണ്ടാകുന്ന സംഘട്ടന രംഗങ്ങള്‍ എന്നിവ കാണികള്‍ക്ക് കൂടുതല്‍ ദൃശ്യമികവില്‍ ആസ്വദിക്കാന്‍ ഗ്ലോബല്‍ വില്ലേജിന്റെ പ്രത്യേക സംഘം അതിനൂതന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.