ക്വാറന്റീന്‍ ലംഘിച്ച് കൊല്ലം സബ്കലക്ടര്‍, മുങ്ങിയ കലക്ടര്‍ പൊങ്ങിയത് കാണ്‍പൂരില്‍

കൊല്ലം: ലോകം മുഴുവന്‍ കോവിഡ് 19 ഭീഷണിയിലാണ്. കേരളത്തിലെ സ്ഥിതി വിശേഷവും സമാനമാണ്. ഇതിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുന്നവരുമുണ്ട്. മാത്രമല്ല ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അധികാരത്തില്‍ ഉള്ളവര്‍ തന്നെ ഇത് ലംഘിച്ചാലോ?. സബ്കലക്ടറാണ് സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയാണ് ക്വാറന്റീനില്‍ നിന്നും പുറത്തിറങ്ങി മുങ്ങിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ല. ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെന്ന് മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19–ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനം.

Loading...

കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ്ബ് കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കൊല്ലം കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍പറഞ്ഞു. വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തി. വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. സബ് കളക്ടറുടെ നടപടി നിരുത്തരവാദപരമാണെന്ന് കൊല്ലം കളക്ടര്‍ പറഞ്ഞു.ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്നും, തീര്‍ച്ചയായും നിരുത്തരവാദപരമായ പെരുമാറ്റമായെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി.