ന്യൂഡൽഹി :അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ തോത് 7 നും 7.5 ശതമാനത്തിനും ഇടയിൽ എത്തുമെന്നു പ്രതീക്ഷ
പൊതുബജറ്റിനു മുന്നോടിയായി ഇന്നലെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ സമർപ്പിച്ച 20162017 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സമ്പദ് രംഗം വെല്ലുവിളികൾ നേരിടുന്നുണ്ട്. പാചകവാതക സബ്‌സിഡി ഉൾപ്പെടെയുള്ള ഇളവുകൾ വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള സൂചനകളും സർവേ നൽകുന്നു. രാജ്യാന്തരതലത്തിൽ സമ്പദ്‌മേഖല മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും രാജ്യം വളർച്ച നേടും. ലോകരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻ സമ്പദ്‌രംഗം പുരോഗതിയുടെ പാതയിലാണ്. എന്നാൽ, ആഗോള സാമ്പത്തികരംഗം മാന്ദ്യത്തിൽ തുടരുകയാണെങ്കിൽ ഇന്ത്യയേയും ബാധിക്കുമെന്ന മുന്നറിയിപ്പും സർവേ നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 7.6 ശതമാനം ആയിരുന്നു വളർച്ച. നേരത്തേ പുറത്തിറക്കിയ അർധവാർഷിക റിപ്പോർട്ടിൽ 8.1 മുതൽ 8.5 വരെ വളർച്ച പ്രതീക്ഷിച്ചിരുന്നു.
മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് സർവേ റിപ്പോർട്ട് തയാറാക്കിയത്. 9.2 ശതമാനം വളർച്ചാ നിരക്കോടെ സേവനമേഖലയാണു വളർച്ചാനിരക്കിൽ മുന്നിൽ. വ്യവസായമേഖലയും മെച്ചപ്പെട്ട നിലയിലാണ്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, എൽ.പി.ജി. സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്കു നൽകിയത് എന്നിവ വളർച്ചയ്ക്ക് അനുകൂല പ്രതികരണം ഉണ്ടാക്കി. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ധനക്കമ്മി പിടിച്ചുനിർത്തുന്നതിനു സഹായിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കുറവ് ആശ്വാസമായെങ്കിലും രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ അസ്ഥിരത ഭീഷണിയാണ്. പ്രതികൂലമായ രാജ്യാന്തരസാഹചര്യങ്ങളെ അതിജീവിച്ച് വളർച്ച കൈവരിക്കുകയെന്നത് വെല്ലുവിളി തന്നെയാണ്. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ ശിപാർശപ്രകാരമുള്ള വേതനം നൽകിയത് നാണ്യപ്പെരുപ്പത്തിന് ഇടയാക്കിയില്ല. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലെ (ജി.ഡി.പി) വളർച്ചാ നിരക്ക് അടുത്തവർഷവും ഇതുപോലെ തുടരും. വിദേശനാണ്യശേഖരം 34,906 കോടി യു.എസ്. ഡോളറായി ഉയർന്നു. വ്യക്തിഗത നികുതിദായകരുടെ വ്യാപ്തി വർധിപ്പിച്ച് നികുതിഘടനയിൽ കൂടുതൽ പേരെ കൊണ്ടുവരണം.1980 മുതലുള്ള കണക്ക് പരിശോധിക്കുകയാണെങ്കിൽ സമ്പദ്ഘടനയുടെ നല്ലൊരുപങ്കും നികുതിപരിധിയുടെ പുറത്താണ്. നിലവിൽ അഞ്ചര ശതമാനം പേരാണ് ആദായനികുതിയുടെ പരിധിയിലുള്ളത്. അതിനാൽ നികുതി വ്യാപ്തി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്നു സർവേ അഭിപ്രായപ്പെട്ടു.
3.9 ശതമാനമാണു നിലവിലെ ധനക്കമ്മി. വരൾച്ചമൂലം കാർഷികോൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായത് വളർച്ചയെ ബാധിച്ചു. ആരോഗ്യ, കൃഷി, വിദ്യാഭ്യാസം, കാലാവസ്ഥാ വൃതിയാനം എന്നീ മേഖലയിലെ വെല്ലുവിളി ആശങ്കാജനകമാണ്.വിദേശനിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കിയതും നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചതും സഹായകരമായി. ചരക്കുസേവന നികുതി പരിഷ്‌കരിക്കുന്നത് വളർച്ചയെ സഹായിക്കുമെന്നു സർവേ വ്യക്തമാക്കുന്നു.