സർവകലാശാല സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ? രൂക്ഷവിമർശനവുമായി കെ സുധാകരൻ

സർവകലാശാല നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഗവർണറെ ചോദ്യം ചെയ്ത ചരിത്രമില്ലെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്നും സർവകലാശാല സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ഓഫീസിൽ ജോലി നൽകുന്നത് പോലെയാണ് സർവകലാശാലകളിലെ നിയമനങ്ങൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണറുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമനത്തിന് കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Loading...

അതേസമയം വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷ ബിജെപി നേതാക്കൾ രംഗത്തെത്തി. സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയ്ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.