ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഹൈക്കമാൻഡ് ഇന്നു പ്രഖ്യാപിക്കുമെന്നു കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. പറയാനുള്ളതെല്ലാം പറഞ്ഞു. ചോദിക്കാനുള്ളവരോടെല്ലാം ഹൈക്കമാൻഡ് ചോദിച്ചു. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. തീരുമാനം എല്ലാവർക്കും ബാധകമാണ്. പ്രഖ്യാപനം നീണ്ടുപോകുന്നത് ഉചിതമല്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടത് പാർട്ടിയുടെയും യുഡിഎഫിന്റെയും നന്മയ്ക്കുവേണ്ടിയാണ്. ഒന്നും ആരോടുമുള്ള വിരോധത്തിന്റെ പേരിലായിരുന്നില്ലെന്നും സുധീരൻ വ്യക്തമാക്കി. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയസാധ്യത ഉറപ്പാക്കുന്നതിനു മികച്ച സ്ഥാനാർഥികളുടെ പട്ടിക തയാറാക്കാനാണ് എല്ലാവരും ശ്രമിച്ചത്. പുതുമുഖങ്ങളെ ഉൾപ്പെടുത്താൻ പരമാവധി ശ്രമിച്ചു. എല്ലാം തികഞ്ഞ പട്ടികയെന്നു പറയാനാവില്ല. പട്ടിക പ്രഖ്യാപിച്ചാൽ വിയോജിപ്പുകളുണ്ടാകും. തീരുമാനം എന്തായാലും അംഗീകരിക്കാൻ പ്രവർത്തകർക്ക് ബാധ്യതയുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഭരണത്തുടർച്ച ഉറപ്പാക്കണം. തന്റെ അഭിപ്രായങ്ങൾ പാർട്ടിയുെട വിജയത്തിനു വേണ്ടിയാണ്. കോൺഗ്രസ് നേതൃത്വത്തിനു ബുദ്ധിമുണ്ടാക്കിയിട്ടില്ലെന്നും സുധീരൻ പറ!ഞ്ഞു.

ടി.എൻ. പ്രതാപൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടില്ല. താനും പ്രതാപനും മൽസരിക്കുന്നില്ല. തനിക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് സ്ഥാനാർഥി പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്താത്തതെന്നും സുധീരൻ പറഞ്ഞു.