പോത്തന്‍കോട് കൊലപാതകം; 10 പേര്‍ കസ്റ്റഡിയില്‍, മൂന്ന് പേര്‍ക്ക് നേരിട്ട് പങ്ക്

തിരുവനന്തപുരം: നാടിനെ നടുക്കിയ നിധീഷ് കൊലപാതകത്തില്‍ ഇതുവരെ 10 പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ്. ഇതില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളുകളാണ്. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികള്‍ വന്ന ഓട്ടോയുടെ ഡ്രൈവര്‍ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും കസ്റ്റഡിയിലായ പത്തുപേരിലുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പഴും ഒളിവിലാണ്.പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ഇന്നലെ ആക്രമിച്ചത്. കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുമസ്ഥന്‍ സജീവ് പറഞ്ഞു. നാല് ദിവസം മുന്‍പ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.

Loading...