ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും മൂന്ന് മക്കളും ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യയും മൂന്ന് മക്കളും ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഖാട്‌കേസറിലാണ് സംഭവം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും മക്കളും ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. അഡിലാബാദില്‍ ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിവിഷണല്‍ എഞ്ചിനീയറായ സത്യനാരായണന്‍ (53) ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ഭോന്‍ഗിറിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശേഷം ഇവര്‍ സത്യനാരായണയുടെ മൃതദേഹവുമായി വീട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനംനൊന്ത ഭാര്യ മീരാഭായി(50), മക്കളായ സ്വാതി(33), നീലിമ (28), ശിവരാമകൃഷ്ണ(22) എന്നിവര്‍ ഓഷാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കാര്‍ നിര്‍ത്തി ട്രെയിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.

റെയില്‍വേ സറ്റേഷന് സമീപം സംശയാസ്പദമായ രീതിയില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ സത്യനാരായണയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പരിസര പ്രദേശത്ത് മീരാഭായിയുടേയും മക്കളുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Loading...