പത്ത് വര്‍ഷത്തെ പ്രണയം… വിവാഹം കഴിക്കാമെന്ന് പറഞ്ഞതോടെ സ്ത്രീധനം ചോദിച്ചു…. നിയമ വിദ്യാര്‍ഥിനി ജീവനൊടുക്കി

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സ്ത്രീധനത്തില്‍ കുരുങ്ങി നിയമ വിദ്യാര്‍ഥിനി ജീവനൊടുക്കി. വിവാഹം കഴിക്കാമെന്ന് പറഞ്ഞതോടെ വെൽഡിങ് ജോലിക്കാരനായ യുവാവ് 51 പവനും 2ലക്ഷം രൂപയും ചോദിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ…

Loading...

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കൊച്ചി സ്വദേശിനിയായ നിയമ വിദ്യാർഥിനിയും വെൽഡിങ് തൊഴിലാളിയായ യുവാവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ‘നിർബന്ധമായും മതം മാറണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നു. മകളുടെ സന്തോഷം മാത്രമായിരുന്നു നോക്കിയത്. എന്നാൽ സ്ത്രീധനമായി അവർ ആവശ്യപ്പെട്ട തുകയോ സ്വർണമോ നൽകാൻ കഴിയുന്നതായിരുന്നില്ല.’
അതോടെ അവർ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. അതിലെ മനോവിഷമം മൂലമാണ് അവൾ ഈ കടുംകൈ ചെയ്തത്..’- സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് കൊച്ചി പനങ്ങാട് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ അമ്മ പറയുന്നു.

സെപ്തംബർ അഞ്ചിനായിരുന്നു 24 കാരിയായ നിയമ വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരു മതത്തിൽ പെട്ടവരായിരുന്നിട്ടും മകളുടെ ആഗ്രഹത്തിന് വിദ്യാർഥിനിയുടെ വീട്ടുകാർ എതിര് നിന്നില്ല. മതം മാറണം എന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചായിരുന്നു അവർ വിവാഹത്തിന് സമ്മതം നൽകിയത്. വിവാഹം ഉറപ്പിക്കുന്നതിനിടെ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ഒന്നും വേണ്ടെന്നായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, വിവാഹത്തിന് മുൻപായി രണ്ടര ലക്ഷം രൂപയും വിവാഹ സമയത്ത് 51 പവനും നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് വിദ്യാർഥിനിയുടെ ബന്ധുക്കൾ പറയുന്നു. ഇക്കാര്യം നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിങ്ങടെ മോളെ ഒന്നും കൊടുക്കാതെയാണോ കെട്ടിപ്പൂട്ടി അയക്കാൻ പോകുന്നതെന്നായിരുന്നു യുവാവിന്റെ അമ്മ എന്നോട് ചോദിച്ചത്. ഇക്കാര്യങ്ങൾ പറഞ്ഞ് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ സമ്മതിക്കാതിരുന്നാലോ എന്ന് കരുതി പലകാര്യങ്ങളും മകൾ തുറന്ന് പറഞ്ഞിരുന്നില്ല,” അമ്മ പറയുന്നു.

”പിന്നീട് ഇക്കാര്യങ്ങൾ സംസാരിച്ച് തീർപ്പാക്കുന്നതിനായി ഞങ്ങളുടെ ആവശ്യപ്രകാരം യുവാവിന്റെ വീട്ടുകാർ ഇങ്ങോട്ട് വന്നു. ഇത്രയും തുക നൽകാനുള്ള സാഹചര്യം ഞങ്ങൾക്കില്ലെന്ന് അവരോട് പറഞ്ഞു. എന്നാൽ അവർ ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. വിവാഹം നടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ മുന്നിൽ വെച്ച് തന്നെ മകൾ പറഞ്ഞിരുന്നു.

‘എന്നാൽ നീ പോയി ചാകെടീ’ എന്നായിരുന്നു യുവാവിന്റെ മറുപടി. പക്ഷേ അവൾ അങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.