സൗദിയിലുള്ള തൊഴിലാളികളുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് അവ സൗജന്യമായി പുതുക്കി നല്‍കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉറപ്പ് നല്‍കി. നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് വേഗത്തില്‍ ഫൈനല്‍ എക്സിറ്റ് നല്‍കും.തൊഴിലാളികളുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും. ഇന്ത്യയില്‍ നിന്നും യാത്രതിരിക്കുന്ന ആദ്യ ഹജ്ജ് തീര്‍ത്ഥാടന സംഘത്തിന്റെ വിമാനത്തിലാണ് തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഇന്ത്യയിലെ ആദ്യ ഹജ്ജ് സംഘം നാളെ പുലര്‍ച്ചെയാണ് സൗദിയിലെ മദീനയില്‍ എത്തുക. ഈ വിമാനത്തിലായിരിക്കും ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുക.അതേസമയം, വിദേശകാര്യസഹമന്ത്രി വികെ സിംഗ് അല്‍പ്പസമയത്തിനകം റിയാദില്‍ എത്തും. സൗദി തൊഴില്‍ മന്ത്രിയുമായി ഉച്ചക്ക് ശേഷം വികെ സിംഗ് ചര്‍ച്ച നടത്തിയേക്കും.ഇതിനിടെ, സൗദി അറേബ്യയിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയായ സൗദി ഓജറിനുളള സര്‍ക്കാര്‍ സേവനങ്ങള്‍ മരവിപ്പിച്ചു. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയവും പാസ്‌പോര്‍ട്ട് വകുപ്പും കമ്പനിക്കുളള സേവനങ്ങള്‍ മരവിപ്പിച്ചത്.

അല്‍ഖോബാറിലും ഇന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളം കിട്ടാതെ കടുത്ത ദുരിതത്തിലാണ്. സാദ് കമ്പനിയിലെ എഴുന്നൂറോളം തൊഴിലാളികളാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. ഒന്‍പത് മാസമായി ശമ്പളവും മൂന്ന് മാസമായി ഭക്ഷണവും ഇല്ലാതെയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കഴിയുന്നത്. ഇന്ത്യന്‍ എംബസി അധികൃതര്‍ ഇതുവരെ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.കഴിഞ്ഞ നവംബര്‍ മുതല്‍ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി അധികൃതര്‍ പല തവണ കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.ഭൂരിഭാഗം പേരുടെയും താമസരേഖയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെയും കാലാവധി കഴിഞ്ഞു. മതിയായ ചിക്തിസ ലഭിക്കാതെ മൂന്ന് തൊഴിലാളികള്‍ ഇവിടെ മരണപ്പെട്ടതായും തൊഴിലാളികള്‍ പറയുന്നു.

Loading...