സൂര്യാഘാതത്തെ ചെറുക്കാനുള്ള പ്രധാന മുന്‍കരുതല്‍

വര്‍ദ്ധിച്ചു വരുന്ന വേനല്‍ച്ചൂടില്‍ ഏറെ സമയം പുറത്തു പണിയെടുക്കുന്നവര്‍ ഇന്ന് സൂര്യാഘാതത്തിന്റെ ഭീഷണിയിലാണ്.

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കേരളത്തിലെ അന്തരീക്ഷത്തെയും മാറ്റിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കേരളത്തിലും സൂര്യാഘാതമേറ്റവരേക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണാന്‍ കഴിയുന്നുണ്ട്. അതേ, മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ട സമയം ആയിരിക്കുന്നു.

Loading...

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതേത്തുടര്‍ന്ന് തകരാറിലാകുന്നു. ഈ അവസ്ഥയെയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

ശരീരതാപം 103 ഡിഗ്രിയില്‍ കൂടുകയും പുറംതൊലി വരണ്ട് ചുവന്ന നിറത്തിലാകുകയും ചെയ്യുന്നതാണ് സൂര്യാഘാതമേറ്റതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. നാഡിമിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയും പ്രകടിപ്പിച്ചേക്കാം. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടാകും. ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ സൂര്യാഘാതം മാരകമായേക്കാം.

സൂര്യാഘാതം ഏറ്റുവെന്ന് തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറണം. ശരീരതാപം 101 ഡിഗ്രിയില്‍ താഴെയാക്കാനാണ് ശ്രമിക്കേണ്ടത്. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. വീശുകയോ ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യാം. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

sand
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുകയാണ് സൂര്യാഘാതത്തെ ചെറുക്കാനുള്ള പ്രധാന മുന്‍കരുതല്‍. ദാഹം തോന്നിയില്ലെങ്കിലും ഒരോ മണിക്കൂര്‍ കൂടുമ്പോഴും 2 മുതല്‍ 4 ഗ്ലാസ്സ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും, ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക.

വെയിലത്ത് പണിചെയ്യേണ്ടി വരുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള സമയം വിശ്രമിക്കാനുപയോഗിക്കുക. വീടിനകത്തെ ചൂട് പുറത്ത് പോകത്തക്കവിധത്തില്‍ വാതിലുകളും ജനലുകളും തുറന്നിടണം. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങളാണ് ഉചിതം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലിലേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും വേണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകുകയും ചെയ്യരുത്.

സൂര്യാതപം കൊണ്ട് പൊള്ളലേറ്റാല്‍
നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവ് തടിക്കുകയും, വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്.

കൂടുതല്‍ സമയം തുടര്‍ച്ചയായി വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുുണ്ടെങ്കില്‍ ഉടനെ വെയിലത്ത് നിന്ന് മാറി നില്‍ക്കുക, തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കാതെ വൈദ്യ സഹായം തേടുകയും വേണം.