നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സാമൂഹിക വ്യാപനത്തിന്റെ വക്കിൽ: സൂപ്പർ സ്‌പ്രെഡിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് 19 വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ രൂപപ്പെടാനും സൂപ്പർ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്പ്രെഡ് റിപ്പോർട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി.

നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതിൽ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കൊവിഡിന്റെ കാര്യത്തിൽ വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.

Loading...

ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വായു സഞ്ചാരം ഇല്ലാത്ത മുറികളിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയതിന് ശേഷം ഷട്ടറുകൾ അടച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് അനുവദിക്കാൻ സാധിക്കില്ല. പരിശോധനയുടെ തോത് വർധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മത്സ്യമാർക്കറ്റിൽ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങൾ ആശ്വസിക്കേണ്ടതില്ല. ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇതെന്നും പിണറായി പറഞ്ഞു. ആരെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നുവെന്ന് തോന്നേണ്ടതില്ല. നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്തുള്ള രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.