താമസക്കാര്‍ക്ക് ഒരു മണിക്കൂര്‍ പോലും സാവകാശമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സാവകാശം നല്‍കണമെന്ന താമസക്കാരുടെ ആവശ്യംസുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയപരിധി നീട്ടി നല്‍കാനാവില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പരമാവധി ക്ഷമിച്ചെന്നും ഇനി ഈ വിഷയത്തില്‍ ക്ഷമിക്കാനാവില്ലെന്നുംജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാവില്ല. എല്ലാ താമസക്കാരും എത്രയും പെട്ടെന്ന് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണമെന്നും അരുണ്‍ മിശ്ര നിര്‍ദേശിച്ചു.

Loading...

ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ല. രാജ്യത്തെ ഒരു കോടതിയും ഈ വിഷയത്തിലുള്ള ഒരു ഹരജിയും പരിഗണിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര താമസക്കാര്‍ക്കായി ഹാജരായ അഭിഭാഷകരോട് കോടതി ഹാളില്‍ നിന്ന് പുറത്തു പോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു.

മരടിലെ ഫ്ലാറ്റില്‍ നിന്ന് താമസക്കാര്‍ ഒഴിയാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. 243 ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞിട്ടുണ്ട്. 83 കുടുംബങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

326 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 243 ഉടമകള്‍ ഇതിനോടകം ഒഴിഞ്ഞുപോയതായിട്ടാണ് ജില്ലാ ഭരണകൂടവും പറയുന്നു. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാര്‍ ഒഴിഞ്ഞുപോകാനായിരുന്നു ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.

എന്നാല്‍ വീട്ടുപകരണങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം നല്‍കുകയായിരുന്നു. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യൂതിയും ജലവിതരണവും നില നിര്‍ത്തിയിട്ടുണ്ട്. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്‌ളാറ്റിലേക്കും 20 വോളണ്ടിയര്‍മാരെ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.