നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് നൂപുർ ശർമ്മയുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയെന്നും നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു.

രാജ്യത്ത് ഇതിനെ ചൊല്ലി നടന്ന ഉദയ്പൂര്‍ സംഭവം അടക്കം എല്ലാത്തിനും ഉത്തരവാദി നൂപുര്‍ ശര്‍മാണ്. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്‌ഐആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജിയോട് പ്രതികരിക്കവേ സുപ്രീം കോടതി പറയുകയുണ്ടായി. നൂപുര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

Loading...

അതേസമയം, പ്രവാചക വിരുദ്ധ പരാമർശവും തുടർന്നുണ്ടായ വിവാദങ്ങൾക്കും പിറകെ ബിജെപി, പാർട്ടി വക്താക്കൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയി രുന്നു. ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് ബി ജെ പി നിർദ്ദേശം നൽകിയിരുന്നതാണ്. പാർട്ടി നിർദ്ദേശിക്കുന്നവർ മാത്രം ഇനി മുതൽ ചർച്ചകളിൽ പങ്കെടുക്കണം. മത ചിഹ്നങ്ങളെ വിമർശിക്കരുത്. സങ്കീർണ്ണമായ വിഷയങ്ങളെ കുറിച്ചും സംസാരിക്കാൻ പാടില്ല. കേന്ദ്രസർക്കാരിന്‍റെ വികസന പദ്ധതികൾക്കും മുൻതൂക്കം നൽകാനും ആയിരുന്നു പാർട്ടി നിർദേശം.