തിരുവാഭരണത്തിന്റെ കണക്ക് ബോധ്യപ്പെടുത്തണം; ഉത്തരവിട്ട് സുപ്രീംകോടതി

തിരുവാഭരണത്തിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സംരക്ഷണയില്‍ പന്തളം രാജകുടുംബമാണ് തിരുവാഭരണം സൂക്ഷിക്കുന്നത്.
പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി ചുമതലപ്പെടുത്തി. നാലാഴ്ചയ്ക്കകം അദ്ദേഹം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണം. പന്തളം രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടും കോടതി പറഞ്ഞു.

പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രേവതി നാള്‍ പി. രാമവര്‍മരാജ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ഒപ്പിനെക്കുറിച്ച് സംശയം ഉടലെടുത്തപ്പോള്‍, ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പത്തനംതിട്ട ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ടു. രാമവര്‍മ രാജയ്ക്ക് നൂറ് വയസ്സായെന്നും ആസ്പത്രിയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സായി ദീപക് അറിയിച്ചു. ആവശ്യമെങ്കില്‍ അദ്ദേഹത്തെ സുപ്രീം കോടതിയില്‍ ഹാജരാക്കാമെന്നും സായി ദീപക് പറഞ്ഞു. ദൈവത്തിന്റെ മുതല്‍ പന്തളം കുടുംബം സൂക്ഷിക്കുന്നതിലെ ഔചിത്യം കഴിഞ്ഞദിവസം സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. അത് ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ കീഴിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം വെക്കുകയും കേരള സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍, തിരുവാഭരണം സുരക്ഷിതമായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പന്തളം കുടുംബത്തില്‍ നിന്ന് അത് നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കുകയുണ്ടായി. അഭിഭാഷകനെ മാറ്റുന്നതിനായി പന്തളം കുടുംബത്തിലെ പി രാമവര്‍മ രാജ നല്‍കിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ജഡ്ജിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

Loading...

ശബരിമലയില്‍ 2006-ല്‍ നടത്തിയ ദേവപ്രശ്നം ചോദ്യം ചെയ്ത് രാമവര്‍മ രാജ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. ശബരിമല ക്ഷേത്രഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കുന്ന വിഷയത്തിലേക്കും സുപ്രീം കോടതി കടന്നിരുന്നു. എന്നാല്‍, അതിനിടെയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്‌നം കോടതിക്ക് മുന്നിലെത്തിയത്. രാജകുടുംബത്തിലെ ഒരു വിഭാഗം തിരുവാഭരണം കൈയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന് മറുഭാഗം ആരോപണമുന്നയിച്ചതോടെയാണ് സുപ്രീംകോടതി അതിന്റെ കണക്കെടുപ്പിലേക്ക് നീങ്ങിയത്.

തിരുവാഭരണത്തിന്റെ മൂല്യമെത്രയാണെന്ന് കോടതി പരിശോധിച്ചപ്പോള്‍, അത് കണക്കാക്കാനാവില്ലെന്നും അമൂല്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. തിരുവാഭരണം ക്ഷേത്രത്തിന്റേതല്ലെന്നും അത് കൊട്ടാരത്തിന്റേതായതിനാല്‍ അവിടെ തന്നെയാണ് വെക്കേണ്ടതെന്നും രാജകുടുംബത്തിലെ 12 അംഗങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ വാദമുയര്‍ന്നെങ്കിലും കോടതി അതിലേക്ക് കടന്നില്ല. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം മാത്രമാണ് തല്‍ക്കാലം പരിശോധിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിലെ തിരുവാഭരണവും മറ്റും ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ദേവപ്രശ്നവിധി ചോദ്യം ചെയ്താണ് രാമവര്‍മ 2007-ല്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രഭരണം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നും വീണ്ടും ദേവപ്രശ്നം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇരുപതിലേറെ തവണ സുപ്രീം കോടതി കേസ് പരിഗണിച്ചെങ്കിലും തീര്‍പ്പായിട്ടില്ല. ഏറ്റവുമൊടുവിലാണ് പുതിയ നിയമനിര്‍മാണത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചത്. അത് വേഗം ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിലവില്‍ ഗുരുവായൂര്‍, കൂടല്‍മാണിക്യം ക്ഷേത്രങ്ങള്‍ക്കാണ് പ്രത്യേക ഭരണസംവിധാനമുള്ളത്. അതുപോലെ, ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയ്ക്ക് പ്രത്യേക നിയമം തന്നെ വേണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. സര്‍ക്കാരും അതിനാണ് നീങ്ങുന്നത്. നിലവില്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ശബരിമലയില്‍ മേല്‍നോട്ടം വഹിക്കുന്നത്. എന്നാല്‍, ഇത് ഉദ്യോഗസ്ഥ നിയന്ത്രണത്തിലേക്ക് മാറ്റും വിധമാകും പുതിയ നിയമനിര്‍മാണം. പദ്മനാഭസ്വാമി ക്ഷേത്രത്തിനും പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

അതെസമയം ശബരിമല പുനപ്പരിശോധനാ ഹരജിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നടന്നുവരികയാണ്. പുനപ്പരിശോധനാ ഹരജിയിന്മേല്‍ വിശാലബഞ്ചിനെ രൂപീകരിച്ച നടപടിയുടെ സാധുതയാണ് ഇപ്പോള്‍ വാദവിഷയമായിരിക്കുന്നത്. കഴിഞ്ഞദിവസം വാദം പൂര്‍ത്തിയാക്കിയ ഈ വിഷയത്തില്‍ തിങ്കളാഴ്ചയാണ് വിധി വരിക. മുതിര്‍ന്ന അഭിഭാഷന്‍ ഫാലി എസ് നരിമാന്‍, കേരള സര്‍ക്കാര്‍ എന്നിവര്‍ സുപ്രീംകോടതിയുടെ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. വിശാല ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പുനപ്പരിശോധനാ ഹരജയില്‍ തീര്‍പ്പുണ്ടാക്കാന്‍ പാടില്ലെന്ന് കേരള സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.