അയോധ്യ കേസ്; സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ ജമായത്ത് ഉലമ ഹിന്ദ് പുനപ്പരിശോധനാ ഹര്‍ജി നല്‍കി. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയത് പുനപ്പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പള്ളി പൊളിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസിലെ ആദ്യ കക്ഷിയുടെ പിന്തുടര്‍ച്ചക്കാരനായ മൗലാനാ സയിദ് അസ്സാദ് റാഷിദി മുഖേനയാണ് ജമായത്ത് ഉലമ ഐ ഹിന്ദ് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമെന്നാണ് 217 പേജുള്ള ഹര്‍ജിയിലെ ആവശ്യം. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

Loading...

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്ബുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കസ്ഥലത്ത് മുസ്ലിംകള്‍ പ്രാര്‍ഥന നടത്തുമ്ബോള്‍ തന്നെ അതിനോടു ചേര്‍ന്ന സ്ഥലത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്നു വ്യക്തമാണ്. പള്ളി മുസ്ലിംകള്‍ ഉപേക്ഷിച്ചതാണെന്ന വാദം ശരിയല്ല. എന്നാല്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച്‌ ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്. വിശ്വാസികളുടെയും ഭക്തരുടെയും വികാരങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംതുലിതമായി മാത്രമേ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.