ശബരിമല യുവതീ പ്രവേശനം ; വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിന് വിശാല ബെഞ്ചിന്റെ വിധി വരുന്നതു വരെ കാത്തിരിക്കാന്‍ സുപ്രീം കോടതി. ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന്, ദര്‍ശനത്തിനു സുരക്ഷ തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഹര്‍ജികളില്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള, 2018ലെ വിധിക്കു സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കി. നിയമം സ്ത്രീകള്‍ ദര്‍ശനം നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ശബരിമല അവയില്‍ ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച്‌ ഈ ഹര്‍ജികളില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Loading...

ശബരിമലയില്‍ ദര്‍ശനത്തിന് സര്‍ക്കാര്‍ അനുവാദം തരുന്നില്ലെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഉണ്ടായിട്ടും സര്‍ക്കാര്‍ പ്രായപരിശോധന നടത്തുന്നതായി ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യങ്ങള്‍ വിശാല ബെഞ്ചിനു വിട്ടില്ലേയെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ ഘട്ടത്തില്‍ 2018ലെ വിധി ഇതുവരെ സ്‌റ്റേ ചെയ്തിട്ടില്ലെന്ന്, ബിന്ദു അമ്മിണിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇതിനോടു ചീഫ് ജസ്റ്റിസ് യോജിച്ചു. എന്നാല്‍ കോടതി അക്രമം ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.

എത്രയും പെട്ടെന്ന് ഏഴംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിശാല ബെഞ്ചിന്റെ വിധി അനുകൂലമാവുന്ന പക്ഷം സ്ത്രീകള്‍ക്കു ദര്‍ശനത്തിനു സുരക്ഷ ഒരുക്കാം. അതുവരെ കാത്തിരിക്കാന്‍ ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. ബിന്ദു അമ്മിണിക്കു നിലവിലുള്ള സുരക്ഷ തുടരാന്‍ നിര്‍ദേശിച്ച കോടതി രഹ്ന ഫാത്തിമയുടെ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കാനും ആവശ്യപ്പെട്ടു.