ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ യു.പി സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി. സംഭവവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരൊക്കെ മരിച്ചു, എഫ്‌ഐആറില്‍ ആരുടെയൊക്കെ പേരുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് ബെഞ്ച് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാപര്യ ഹര്‍ജി സംബന്ധിച്ചും സുപ്രീംകോടതി വിവരങ്ങള്‍ തേടിയിട്ടുണ്ട്. മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ മരണപ്പെട്ട ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഉടന്‍ ആശയവിനിമയം നടത്തുകയും അവര്‍ക്ക് വേണ്ട മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിര്‍ദേശിച്ചു.