ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വ്യവസായി അനില്‍ അംബാനി കുറ്റക്കാരനെന്നു സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ എറിക്സണ് ഇന്ത്യക്ക് 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് റോബിന്ടണ് എഫ്. നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് അനില്‍ അംബാനിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും(ആര്‍കോം) 435 കോടി രൂപ പലിശ സഹിതം നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും ഒരു കോടി രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
റിലയന്‍സ് ടെലികോം ചെയര്മാന് സതീഷ് സേഥ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പഴ്സന്‍ ഛായ വിറാനി എന്നിവരും കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇവര്‍ക്കു ഒരു കോടി രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവുശിക്ഷ അനുഭവിക്കണം.