ക്രൂരതയ്ക്ക് ശിക്ഷ മരണം തന്നെ : നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ഡല്‍ഹി  :  നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരി വെച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്.  സമാനതകളില്ലാത്ത ക്രൂരതയെന്ന് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായ കൊലയാണ് നടന്നത്. കേസിലെ നാലുപ്രതികളാണ് കീഴ്ക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനു പിന്നാലെയുള്ള വിധി, രാജ്യം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്  .

അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍,മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകളും പാലിക്കാതെയാണ് കീഴ്കോടതി വധശിക്ഷ വിധിച്ചതെന്ന അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ ചൂടേറിയ വാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് ആറുപ്രതികളില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റംചെയ്യുമ്പോൾ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീട് പുറത്തിറങ്ങി. ഒന്നരവര്‍ഷത്തോളം നീണ്ട വാദത്തിനൊടുവിലാണ് സുപ്രീംകോടതി വിധി പറയുന്നത്.