ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്താമെന്ന് സുപ്രീംകോടതി

ദില്ലി: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി. സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസും അയച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻറെ ഭരണപരിഷ്കാരത്തിൻറെ ഭാഗമായാണ് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും.ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മൽ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപിൻറെ തനത് ഭക്ഷണ സംസ്കാരം തർക്കാനും ചില രാഷ്ട്രീയ അജണ്ടയുടെയും ഭാഗമായുമാണ് ഭരണകൂട നടപടി എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈഫ്രൂട്സ്, മുട്ട അടക്കം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിൻറെ നടപടിയെന്നുമായിരുന്നു വിശദീകരണം.

Loading...