ഇനി ഫേസ്ബുക്കികള്‍ക്കും ട്വിറ്ററികള്‍ക്കും എന്തും ഇന്ത്യയില്‍ പറയാം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിച്ച്‌ സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഐടി നിയമത്തിലെ 66 എ, കേരള പൊലീസ്‌ ആക്‌ടിലെ 118 ഡി വകുപ്പുകള്‍ കോടതി റദ്ദാക്കി. ഇവ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ വിധി. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം ഹനിക്കുന്നതാണ്‌ രണ്ടുവകുപ്പുകളുമെന്ന്‌ കോടതി നിരീക്ഷിച്ചു. 66 എ വകുപ്പ്‌ ദുരുപയോഗം ചെയ്യില്ലെന്നും ഇത്‌ തുടരാന്‍ അനുവദിക്കണമെന്നുമുളള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തളളി.

ഐടി നിയമത്തിലെ 66 (എ) വകുപ്പ്‌: സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍വഴി, കുറ്റകരമായതോ സ്‌പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, വിദ്വേഷമോ, അനിഷ്‌ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൌകര്യം ഉണ്ടാക്കലോ, ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണാജനകമായ ഇലക്‌ട്രോണിക്‌ സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്‌ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയെല്ലാം മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നു.

Loading...

രാജ്യ സുരക്ഷ, മതസൌഹാര്‍ദം എന്നിവ സംരക്ഷിക്കാന്‍ ഈ വകുപ്പിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. വിവാദ വ്യവസ്‌ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. 66 എയും 118ഡിയും തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റ്‌ വഴിയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ അറസ്‌റ്റ്‌ ചെയ്യുന്നതിനുളള വ്യവ്‌സ്‌ഥയായിരുന്നു 66 എ വകുപ്പ്‌. സംസാരത്തിലൂടെയോ സന്ദേശത്തിലൂടെയോ ശല്യപ്പെടുത്തുന്നതിന്‌ തടയാനായിരുന്നു കേരള പൊലീസ്‌ ആക്‌ടിലെ 118 ഡി വകുപ്പ്‌.

ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയ്ക്കെതിരെ ഫേസ്‌ബുക്കില്‍ പരാമര്‍ശം നടത്തിയ പെണ്‍കുട്ടികളെ അറസ്‌റ്റ്‌ ചെയ്‌ത കേസിലാണ്‌ കോടതി വിധി പറഞ്ഞത്‌. അടുത്തിടെ ഉത്തര്‍പ്രദേശ്‌ നഗരവികസനമന്ത്രി അസം ഖാനെതിരെ ഫേസ്‌ബുക്കില്‍ പരാമര്‍ശം നടത്തിയ പ്ലസ്‌ടു വിദ്യാര്‍ഥിയെ അറസ്‌റ്റ്‌ ചെയ്‌തതും വലിയ വിവാദമായിരുന്നു.