നാളെ രണ്ട് നിര്‍ണ്ണായക വിധികള്‍ ; ആകാംക്ഷാകേന്ദ്രമായി വീണ്ടും സുപ്രിംകോടതി

Loading...

ശബരിമല യുവതീപ്രവേശനത്തിലെ റിവ്യൂഹര്‍ജികളില്‍ സുപ്രിംകോടതി വിധി നാളെ ഉണ്ടാകില്ല. അതേസമയം മറ്റു രണ്ടുകേസുകളില്‍ സുപ്രിംകോടതി നാളെ നിര്‍ണ്ണായക വിധി പുറപ്പെടുവിക്കും. വിവരാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ പ്രധാനം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുമോ എന്ന വിഷയത്തിലാണ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പ്രസ്താവിക്കുക.

Loading...

ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ള ജഡ്ജിമാര്‍. സുപ്രിംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.

ചീഫ് ജസ്റ്റിസായിരുന്ന എപി ഷാ, ജസ്റ്റിസ് വിക്രംജിത് സെന്‍, എസ് മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍രേതായിരുന്നു വിധി. ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വാദം കേട്ടത്.

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ അധികാരം പണബില്ലിലൂടെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ ബാര്‍ അസോസിയേഷന്റേത് അടക്കം 18 ഓളം ഹര്‍ജികളാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. കേസില്‍ വാദം കേട്ട സുപ്രിംകോടതി കേസില്‍ വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ഗ്രീന്‍ ട്രൈബ്യൂണല്‍, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ തുടങ്ങി 17 ഓളം ട്രൈബ്യൂണലുകളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 2017 വരെ ട്രൈബ്യൂണലുകള്‍ക്ക് സ്വതന്ത്ര അധികാരം ഉണ്ടായിരുന്നെന്നും, നിയമനം, കാലാവധി തുടങ്ങിയവയില്‍ സ്വാതന്ത്ര്യവും, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് തുല്യമായ പദവിയും ഉണ്ടായിരുന്നു. എന്നാല്‍ ഫിനാന്‍സ് ആക്‌ട് 2017 മണിബില്ലിലൂടെ പാസ്സാക്കിയെടുത്ത കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളെ ദുര്‍ബലപ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.