റഫാല്‍ കേസ്: പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. ഇന്ന് രാവിലെ 10.30-നാണ് കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്ബനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ റഫാല്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു കോടതി വിധിച്ചത്.

Loading...

ഇതിനെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ അറിയിച്ച്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവില്‍ ഗുരുതരമായ തെറ്റുണ്ടെന്നും ആണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹര്‍ജികളില്‍ പ്രാധാന്യമുള്ള ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.