സംസ്ഥാനത്ത് നടക്കുന്നത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ പാസാക്കിയതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വി.ഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ 14 സർവകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുകൂലിക്കുകയാണ് ഉണ്ടായത്.

ജനാധിപത്യവിരുദ്ധമായ ബില്ലിനെ യുഡിഎഫ് എതിർക്കാതിരുന്നത് പ്രതിപക്ഷ ധർമ്മം മറന്നതിനാലാണ്.
സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും സർക്കാർ മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്യുന്നത്. കോൺഗ്രസ്സിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗിന്റെ സമ്മർദ്ദമാണ്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

നീതിന്യായ വ്യവസ്ഥകൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാനുള്ള ശ്രമാണ് ഇപ്പോൾ നടത്തുന്നത്. പ്രതിപക്ഷവും സർക്കാരും ചേർന്ന് സർവകലാശാലകളുടെ സ്വയംഭരണം തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ സർവകലാശാലകളിലുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. നിയമസഭയിൽ അവതരിപ്പിച്ച ബിൽ വിദ്യാർത്ഥികളുടെ ഭാവിക്ക് ഭീഷണിയാണ്
കേരളത്തിലെ സർവകലാശാലകൾ ഇപ്പോൾ നാഥനില്ലാ കളരിയാണ്, രണഘടനാവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പ്രതിഷേധിക്കുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.