ബ്രഹ്മപുരത്തെ കരാർ സോണ്ട കമ്പനിക്ക് കൊടുത്തത് വിദേശത്ത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെ : കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സോണ്ട കമ്പനിക്ക് ബ്രഹ്മപുരം മാലിന്യ നിർമ്മാർജ്ജന കരാർ നൽകിയതിന് പിന്നിൽ വമ്പൻ അഴിമതി. സോണ്ട കമ്പനിയുമായി മുഖ്യമന്ത്രി വിദേശത്ത് ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാർ കൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് ശേഷമാണ് കേരളത്തിലെ കോർപ്പറേഷനുകളിൽ ഈ കമ്പനിക്ക് കരാർ ലഭിച്ചത്. ഇതിൽ പ്രതിപക്ഷത്തിനും പങ്കുണ്ട്.

ബയോ മൈനിങ്ങിനു വേണ്ടി കരാർ നൽകിയ സോണ്ട ഇൻഫ്രടെക് കമ്പനിക്ക് വേസ്റ്റ് എനർജി പ്രൊജക്ട് കൈമാറിയതെന്തിനാണെന്ന് വ്യക്തമല്ല, ഇതിന് സർക്കാർ ഉത്തരം പറയണം. ഒൻപതുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. ഇതും നടന്നില്ല. 54 കോടിക്ക് കരാർ ലഭിച്ച സോണ്ട ഉപകരാർ നൽകിയത് 22 കോടിക്കായിട്ടും സർക്കാർ ഒരു നടപടിയും എടുത്തില്ല.

Loading...

32 കോടിയുടെ അഴിമതി കണ്ണിൽക്കണ്ടിട്ടും കോർപ്പറേഷനോ സർക്കാരോ നടപടിയെടുത്തില്ല. ഇത് അഴിമതിയിൽ പങ്കുള്ളതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. കമ്പനിയുമായി വിദേശത്ത് മുഖ്യമന്ത്രി ചർച്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. ഇതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നു.

തീ അണയ്‌ക്കാൻ സംസ്ഥാനം എൻഡിആർഎഫിനെ വിളിക്കാതിരുന്നതും കേന്ദ്ര ആരോഗ്യമന്ത്രി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന് പറഞ്ഞതിന് മറുപടി പറയാതിരുന്നതിനും പിന്നിൽ അഴിമതി പുറത്തറിയാതിരിക്കാനുള്ള വെപ്രാളമായിരുന്നു.