സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക്, നായിക ശോഭനയും നസ്രിയയും; കൂടെ ദുല്‍ഖര്‍ സല്‍മാനും..

 

മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം നടന്നിരുന്നു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കൃഷ് വിനീതും ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സാജദും ആണ്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ നിര്‍മ്മിക്കാന്‍ പോകുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധായകന്‍ ആയി അരങ്ങേറുന്ന ചിത്രം ആണിത്.

സുരേഷ് ഗോപി നായക വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിക്കാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ സാധ്യത ഉണ്ടെന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‌സ്‌മെന്റ് ഉടനെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനയ രംഗത്തേക്ക് പതുക്കെ തിരിച്ചു വരുന്ന സുരേഷ് ഗോപി മൂന്നോളം മലയാള ചിത്രങ്ങളും ഏതാനും അന്യ ഭാഷ ചിത്രങ്ങളും കമ്മിറ്റ് ചെയ്ത് കഴിഞ്ഞു. ഏറെ കാലത്തിനു ശേഷം ആണ് ശോഭന മലയാളത്തില്‍ എത്താന്‍ പോകുന്നത്. കൂടെക്കും, ട്രാന്‍സിനും ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ അനൂപ് സത്യന്‍ ചിത്രത്തിന് ഉണ്ടാകും.