പ്രതിഫലനത്തിൽ നിന്ന് രണ്ട് ലക്ഷം മിമിക്രി കലാകാരൻമാർക്ക്; വാക്കു പാലിച്ച് സുരേഷ് ​ഗോപി

തന്റെ പുതിയ സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരൻമാർക്ക് നൽകി നടൻ സുരേഷ് ​ഗോപി. തന്റെ വരാനിരിക്കുന്ന ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുകയിൽ നിന്നുമാണ് മിമിക്രി കലാകാരൻമാർക്ക് കൈമാറിയിരിക്കുന്നത്. ഇനി താൻ അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ മായ്‌ക്ക് കൈമാറുമെന്ന് 2021-ൽ സുരേഷ് ഗോപി വാക്ക് നൽകിയിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ അദ്ദേഹം പാലിച്ചിരിക്കുന്നത്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുക ലഭിച്ചുവെന്നും വാഗ്ദാനം ചെയ്തതുപോലെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് തന്നെ സംഘടനയ്‌ക്ക് കൈമാറുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇതിനോടകം തന്നെ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. നേരത്തേയും സിനിമയുടെ അഡ്വൻസ് തുക ലഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയിരുന്നു. മിമിക്രി താരങ്ങൾക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയിൽ വച്ചാണ് സുരേഷ് ഗോപി ഈ വാഗ്ദാനം നൽകിയത്.“വാർധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Loading...