നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോൾ

നാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരികെ വരുകയാണ് സുരേഷ് ഗോപി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അദ്ദേഹത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രവും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രവും ഫേസ്ബുക്കില്‍ വൈറലാവുന്നത്. സെല്‍ഫി ക്ലിക്ക് ചെയ്തിരിക്കുന്നത് ശോഭനയാണ്! ഒപ്പം ഫ്രെയ്മിലുള്ളത് സുരേഷ് ഗോപിയും. സുരേഷ് ഗോപി തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

‘നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’ എന്നാണ് അദ്ദേഹം ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ ഇരുവരും ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് നകുലനും ഗംഗയും. ഇരുവരും പുതിയ ലൊക്കേഷനില്‍ ഒരുമിച്ചെത്തിയ ദിവസം യഥാര്‍ഥത്തില്‍ ദുര്‍ഗാഷ്ടമി ദിവസവുമായി.