​ഗൗരിയെപ്പോലുള്ള പെൺകുട്ടികൾ ഉണ്ടായാൽ വിസ്മയമാർ ഇനിയുണ്ടാകില്ല; സുരേഷ് ​ഗോപി

കൊല്ലം: കൊല്ലം ചടയമം​ഗലത്തുള്ള ​ഗൗരിയെ ആരും മറന്ന് കാണില്ല. ബാങ്കിൽ ക്യൂ നിൽക്കുന്നവർക്ക് പിഴയിട്ട പൊലീസിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടിയ ചോദ്യം ചെയ്ത ​ഗൗരി നന്ദ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എംപിയും നടനുമായ സുരേഷ് ​ഗോപി ​ഗൗരി നന്ദയെ സന്ദർശിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സുരേഷ് ​ഗോപി ​ഗൗരി നന്ദയുടെ വീട്ടിൽ എത്തിയത്. ​ഗൗരിക്ക് എല്ലാ പിന്തുണയും നൽകുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ഗൗരിനന്ദയെപ്പോലുള്ള പെൺകുട്ടികൾ വളർന്നുവന്നാൽ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് യൂണിഫോം ഇട്ടാൽ എന്തുമാകാം എന്ന ധാരണശരിയല്ലെന്നും, അതിനെതിരായ പ്രതികരണമാണ് ഗൗരിനന്ദ നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേ സമയം പൊലീസിനെതിരെ ഗൗരിനന്ദ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ജൂലൈ 27 രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചർച്ച ചെയ്ത സംഭവങ്ങൾ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോൾ പൊലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു. ഇതിൻറെ കാര്യം തിരക്കിയപ്പോൾ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി. തർക്കം അരമണിക്കൂറോളം നീണ്ടു. ആളുകൾ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് താൻ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയിൽ ആരോ പകർത്തിയ വീഡിയോ വൈറലായി, താൻ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൌരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.

Loading...