ഹെലികോപ്റ്റര്‍ കിട്ടിയില്ല…. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി

തൃശൂര്‍: എല്ലാവരോടും വോട്ട് തേടിയ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഇക്കുറി വോട്ട് ചെയ്യാനായില്ല. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളില്‍ വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാര്‍ത്ഥിയും സുരേഷ് ഗോപിയാണ്.

തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്.
പോളിങ് ദിവസം അതിരാവിലെ തൃശൂരില്‍ നിന്നും ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ തന്നെ തൃശൂരില്‍ മടങ്ങി എത്താനായിരുന്നു ബിജെപി ജില്ലാ നേതൃത്വം സുരേഷ് ഗോപിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ സൗകര്യം ശരിയാകാതെ വന്നതോടെ സുരേഷ് ഗോപിക്ക് വോട്ട് രേഖരപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം.

തൃശൂരില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് സഹായം ആവശ്യപ്പെട്ടുവെങ്കിലും ‘സാങ്കേതിക’ കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം.