ഒടുവില്‍ സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ തീരുമാനം ആയി

ദില്ലി: സിനിമാ മേഖലയില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കം കുറിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം ഒടുവില്‍ സിബിഐക്ക് വിട്ടു. ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരച്ചാണ് ഇപ്പോള്‍ അന്വേഷണം സിബിഐക്ക് വിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്രം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. സുശാന്ത് അതേസമയം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

തനിക്കെതിരെ ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണിക്കുക.സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയിലായിരുന്നു കഴിഞ്ഞ മാസം 28 ന് പൊലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യ പ്രേരണ കുറ്റം ഉള്‍പ്പടെ ചുമത്തിയായിരുന്നു റിയയ്‌ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം മുംബൈയില്‍ എത്തുകയും ചെയ്തിരുന്നു. അതേ സമയം തന്നെ കേസ് സിബിഐക്ക് വിടാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രീയ വിവാദവും പുകയുകയാണ്.

Loading...

അതേസമയം ബിഹാര്‍ സര്‍ക്കാരിന്റെ നടപടി മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നാണ് എന്‍സിപിയും കോണ്‍ഗ്രസും ആരോപിച്ചിരിക്കുന്നത്. സുശാന്തിന്റെ മരണത്തെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ് ടൂറിസം പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ പ്രസ്താവനയിറക്കിയത്. സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളില്‍ റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കഴിഞ്ഞ ദിവസമാണ് റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഇഡി ചോദ്യം ചെയ്തത്.