ആത്മഹത്യയ്ക്ക് മുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് ഈ മൂന്ന് കാര്യങ്ങള്‍ ആണ്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന്‍മേലുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. സുശാന്ത് ആദ്യം ഗൂഗിളില്‍ തിരഞ്ഞത് സ്വന്തം പേരായിരുന്നു. രണ്ടാമതായി തിരഞ്ഞത് മുന്‍ മാനേജര്‍ ദിഷയെക്കുറിച്ചാണ്. ഏറ്റവും ഒടുവിലായി ഒരു മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സുശാന്ത് തിരഞ്ഞത്. കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജൂണ്‍14ന് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കലിന ഫോറന്‍സിക് ലാബില്‍ സുശാന്തിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എല്ലാ പണകൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ജിഎസ്ടിക്കു വേണ്ടി 2.8 കോടി നല്‍കിയതാണ് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍.

Loading...

കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി സുശാന്ത് അറിഞ്ഞിരുന്നുവെന്നു പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമെന്നും സുശാന്ത് ഭയപ്പെട്ടിരുന്നു. അതുകൊണ്ടാവാം ഇക്കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതെന്നു പൊലീസ് കരുതുന്നു. സുശാന്തിന്റെ മാനസികനിലയില്‍ ഇതു വലിയതോതില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൊലീസ് പറയുന്നു. ദിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. നടന്റെ കാമുകിയും ആരോപണവിധേയയുമായ റിയ ചക്രവര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.