സുശാന്ത് സിങ്ങിനെ വീടു മുഴുവൻ തിരഞ്ഞ് നടന്ന് ഫഡ്ജ്: സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സുശാന്തിന്റെ വളർത്തുനായ

ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത്‌സിങ് രാജ്പുത്തിന്റെ വളർത്തുനായ ഫഡ്ജ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുശാന്ത് മരിച്ച വിവരം അറിയാതെ കാത്തിരിക്കുന്ന ഫഡ്ജിന്റെ വീഡിയോ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുകയാണ്. നടൻ മൻവീർ ഗുർജറാണ് ഫോണിൽ സുശാന്തിന്റെ ചിത്രം നോക്കിയിരിക്കുന്ന ഫഡ്ജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനു പിന്നാലെ സുശാന്തിന്റെ വരവും കാത്തിരിക്കുന്ന ഫഡ്ജിന്റെ വീഡിയോയും വൈറലാവുകയായിരുന്നു.

ഇതിനിടെ ഏറെ കാത്തിരിന്നിട്ടും സുശാന്ത് എത്താത്തതിനെ തുടർന്ന് ഹൃദയം തകർന്ന് ഫഡ്ജ് മരിച്ചുപോയെന്ന വാർത്തയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചില ഹിന്ദി വെബ്‌സൈറ്റുകളാണ് നായ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ഫഡ്ജ് ഏറെ അവശനായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഫഡ്ജ് അടക്കം വീട്ടിലെ നാലു നായ്ക്കളും ജീവനോടെ സുരക്ഷിതരാണെന്ന് കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

Loading...

ജൂണ്‍ 14ന് ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കേസില്‍ നടി റിയ ചക്രവര്‍ത്തിയെ പൊലീസ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തിരുന്നത്.