സുശാന്തിനെ കുടുംബത്തില്‍ നിന്നും അകറ്റി, റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ആരോപണങ്ങള്‍ക്ക് അവസാനമില്ല. ഇപ്പോഴും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ട്. അതേസമയം സുശാന്തിന്റെ മരണത്തില്‍ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുശാന്ത് അപകടത്തിലാണെന്നും അടിയന്തിര നടപടി ആവശ്യമാണെന്നും കുടുംബം മുംബൈ പൊലീസിനെ അറിയിച്ചത്. കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സുശാന്ത് ഇപ്പോള്‍ നല്ല കൂട്ടുകെട്ടിലല്ലെന്നും അവന് ഒരു ദോഷവും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഞങ്ങള്‍ അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഫെബ്രുവരി 25ന് ഞങ്ങള്‍ ബാദ്ര പൊലീസിനോട് ഇക്കാര്യം പറഞ്ഞതെന്നും കുടുംബം വ്യക്തമാക്കുന്നു. അന്ന് സുശാന്ത് റിയ ചക്രവര്‍ത്തിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്ന സമയമായിരുന്നുവെന്നും എന്നാല്‍ മുംബൈ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് പറയുന്നത്. അതേസമയം സുശാന്തിനെ റിയ കുടുംബത്തില്‍ നിന്ന് അകറ്റിയെന്നും കുടുംബവുമായി സുശാന്ത് അകന്നുെവന്ന് റിയ ഉറപ്പുവരുത്തിയിരുന്നുവെന്നും അഭിഭാഷകന്‍ ആരോപിക്കുന്നുണ്ട്. അച്ഛനോടോ മറ്റ് കുടുംബാംഗങ്ങളോടോ സംസാരിക്കാന്‍ റിയ സുശാന്തിനെ അനുവദിച്ചിരുന്നില്ല. മുംബൈ പൊലീസിന്റെ അന്വേഷണത്തിലും വികാസ് അതൃപ്തി പ്രകടിപ്പിച്ചു.

Loading...

നടി റിയാ ചക്രവര്‍ത്തിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടത്. സത്യം തെളിയാന്‍ റിയയെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വികാസ് പറയുന്നു. കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലും ബീഹാര്‍ പൊലീസും തയ്യാറായില്ലെന്നും എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ബീഹാര്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ഉന്നതരായ ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിനോട് നന്ദിയുണ്ടെന്നും വികാസ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിനു ശേഷമാണ് എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ബീഹാര്‍ പൊലീസ് തയ്യാറായത്. മന്ത്രി സഞ്ജയ് ജാ വിഷയത്തില്‍ ഇടപെട്ടതായും വികാസ് സിംഗ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ബീഹാര്‍ പൊലീസിനോട് സംസാരിച്ചതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.