സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനം ആരംഭിച്ചു. ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി ജൂണ്‍ 23 വരെ നടത്തുന്ന പര്യടനത്തില്‍ ഇറ്റലി, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങൾ മന്ത്രി സന്ദർശിക്കും. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം 18നും 19നും ഫ്രാൻസ് സന്ദർശിക്കും.

യൂറോപ്യൻ യൂണിയനുമായി തന്ത്രപ്രധാന വിഷയങ്ങളിൽ ബന്ധം തുടരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണു യാത്ര. രാജ്യാന്തര–പ്രാദേശിക വിഷയങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളോടൊത്തുള്ള ഉഭയകക്ഷി ചർച്ചയ്ക്കും സുഷമ പ്രാധാന്യം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Loading...

ഇറ്റലിയാണ് ആദ്യം സന്ദർശിക്കുക. പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി അധികാരമേറ്റതിനു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച.

യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന കാലാവസ്ഥാ ഉന്നതതല യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടക്കുന്ന രാജ്യാന്തര യോഗാദിന ആഘോഷങ്ങള്‍ക്കും കേന്ദ്രമന്ത്രി നേതൃത്വം നല്‍കും.