കാഷായം ധരിച്ച തീവൃവാദികൾ പറയുന്നത് കാര്യമാക്കേണ്ട- സ്വാമിഗുരുരത്നം ജ്ഞാന തപസ്വി

മനാമ: കാഷായവസ്ത്രം ധരിച്ച തീവൃവാദികൾ പറയുന്നത് കാര്യമാക്കേണ്ടെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സിക്രട്ടറിയും, പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മനാമയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതത്തിലും ഉണ്ട് തീവൃവാദികൾ. സന്യാസി വേഷം ധരിച്ചു പ്രത്യക്ഷപ്പെടുന്ന ചിലര്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളില്‍ മത ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാറിനും മുന്നോട്ടു പോവാനാവില്ല. സന്യാസിമാര്‍ വര്‍ഗീയ വാദികളാണ് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നു. അത്തരം ആളുകള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാവരെയും അങ്ങനെ കാണാന്‍ സാധിക്കില്ല. മതനിരപേക്ഷ നിലപാടുള്ള നിരവധി സന്യാസിമാരുണ്ട്. ആത്മീയതയുമായാണ് സന്യാസത്തിന് ബന്ധമുള്ളത്. ഇതിന് ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. ദന്തഗോപുരങ്ങളിലിരുന്ന് ആത്മീയത പറയുന്ന രീതി ശരിയല്ല.വിവേകാനന്ദനാണ് ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒരു വലിയ വിടവാണ് കാണാന്‍ സാധിക്കുന്നത്.

സന്ന്യാസിമാര്‍ ആത്മീയ മേഖലയില്‍ മാത്രം വ്യാപരിക്കണം എന്നൊന്നും എവിടെയും എഴുതിവച്ചിട്ടില്ല. എല്ലാ സമുദായങ്ങളിലും പുരോഹിതന്‍മാരും ആത്മീയ നേതാക്കളും പൊതുവിഷയങ്ങളാണ് ഏറ്റെടുക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. എന്നാല്‍ പുരാതന ഭാരതത്തിലെ സന്യാസി സങ്കല്‍പം ഇപ്പോഴും ഹൈന്ദവ സമൂഹത്തില്‍ നിന്ന് മാറിയിട്ടില്ല. സന്യാസിമാര്‍ക്ക് പൊതുസമൂഹത്തില്‍ സജീവമായ പങ്കുവഹിക്കാനാകും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മതങ്ങളില്‍ ഏറ്റുവമധികും ഉള്‍പ്പിരിവുകള്‍ നടക്കുന്ന കാലമാണിത്. ഓരോ മതത്തിനകത്തും നിരവധി അഭിപ്രായങ്ങളും സംഘര്‍ഷങ്ങളും പുകയുകയാണ്. ഈ ഉള്‍പ്പിരിവുകള്‍ ആത്മീയ തലത്തെ പൂര്‍ണമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകകയാണ്. ഇതിനിടയിലും മതാന്തര സംവാദങ്ങളും മറ്റും സജീവമായി നടക്കുന്നുണ്ട്. ലോകത്തിന്‍െറ പല ഭാഗങ്ങളിലും നടന്ന ഇത്തരം സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1999മുതലാണ് താന്‍ മുഖ്യധാരയിലേക്ക് വരുന്നതെന്നും ആ കാലം ഒരു പാട് വ്യാജ സന്യാസിമാരുടെ സാന്നിധ്യം കൊണ്ട് വിവാദങ്ങള്‍ നിറഞ്ഞ സമയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അത് ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. തന്‍െറ ഗുരുവായ കരുണാകര ഗുരു പ്രശസ്തിയുടെ പിറകെ പോകാന്‍ മടിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍െറ ഒരു പടം പോലും എവിടെയും കാണാന്‍ സാധിക്കില്ല. ഒ.വി വിജയനെപ്പോലുള്ള വലിയ ശിഷ്യന്‍മാര്‍ ഉണ്ടാകുമ്പോഴും ഉള്‍വലിഞ്ഞ് നില്‍ക്കാനാണ് ഗുരു ശ്രമിച്ചത്. ഗുരുപരമ്പര എല്ലാക്കാലവും നിലനില്‍ക്കുന്നതാണ്. ഗുരുക്കന്‍മാരുടെ ശിഷ്യഗണങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ശ്രീനാരായണഗുരുവിന്‍െറ മദ്യവിരുദ്ധ സന്ദേശം. ഈ വിഷയത്തില്‍ ഇപ്പോഴും നടക്കുന്നത് ചര്‍ച്ച മാത്രാണ്. സന്യാസിമാരെക്കുറിച്ചുള്ള പൊതുസമൂഹത്തിന്‍െറ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതാന്‍ സ്വപ്രയത്നം കൊണ്ട് ഒരു പരിധി വരെ സാധിച്ചു എന്നു തന്നെയാണ് എന്‍െറ വിശ്വാസം.

Loading...

പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ആയിരക്കണക്കിനു സന്യാസികളുള്ള രാജ്യത്ത് കാഷായം ധരിച്ച ഏതെങ്കിലും ചിലര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിനെ ഗൗരവമായി കാണേണ്ടതില്ല. എല്ലാ മതങ്ങളിലും ഇത്തരത്തിലുള്ള തീവ്രവാദികള്‍ ഉണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നു വരുത്തിതീര്‍ക്കാനേ ഇത്തരം നീക്കങ്ങള്‍ കൊണ്ട് കഴിയുകയുള്ളൂ. ബി.ജെ.പിയെ അധികാരത്തിലത്തെിച്ചത് മുന്‍ സര്‍ക്കാറുകളുടെ കാലത്തു നടന്ന അഴിമതിയാണ്.

പുരോഹിതന്‍മാര്‍ അജണ്ട നിശ്ചയിക്കുന്ന സാഹചര്യം എല്ലാ മതങ്ങളിലും ശക്തമായി നിലനില്‍ക്കുകയാണ്. ഇന്ദിരാഗാന്ധിയെപ്പോലും മസ്തിഷ്ക പ്രാക്ഷാളനം നടത്തിയ ധീരേന്ദ്ര ബ്രഹ്മചാരി മുതല്‍ ചന്ദ്രസാമിയും സന്തോഷ് മാധവനും നിത്യാനന്ദയുമെല്ലാമാണ് സന്യാസികളുടെ പ്രതിരൂപങ്ങളായി പ്രത്യക്ഷപ്പെടുന്നത്.ആത്മീയതയെ വിപണനം ചെയ്യാന്‍ ശ്രമിക്കുന്നവരാണ് മഹത്തായ സന്ന്യാസ പാരമ്പര്യത്തെ പുറകോട്ടു കൊണ്ടുപോയത്.

മതാതീത ആത്മീയത എന്നത് മതനിരാസമല്ല. മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുന്നതല്ല ആത്മീയ പ്രവര്‍ത്തനം. പാതിരിയും സന്യാസിയും മൗലവിയും ഒരു വേദിയില്‍ ഇരുന്നതുകൊണ്ടുണ്ടാവുന്നതല്ല മത സൗഹാര്‍ദം. സകലചരാചരങ്ങളേയും നിയന്ത്രിക്കുന്ന ശക്തിവിശേഷമാണ് ഈശ്വരന്‍ എന്ന ബോധം പ്രതിഫലിക്കുമ്പോഴാണ് ആത്മീയത സഫലമാകുന്നത്. അത്തരം സന്ദേശങ്ങളുമായാണ് പ്രവാചന്‍മാര്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്ന നിലയില്‍ എല്ലാ വേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്നതു ഒരു കൂട്ടം സമ്പന്നരരുടെ പ്രശ്നങ്ങളാണെന്നും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ എവിടെയും പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രവാസി ഭാരതീയ ദിവസ്’ പോലുള്ള സമ്മേളനങ്ങളില്‍ പ്രവാസിയെ പ്രതിനിധീകരിക്കുന്നത് സമ്പന്നര്‍ മാത്രമാണ്. യൂറോപ്പിലുള്ള പ്രവാസികള്‍ നേരിടുന്നതു പോലുള്ള പ്രശ്നങ്ങളല്ല ഗള്‍ഫ് പ്രവാസി നേരിടുന്നത്. പ്രവാസിക്ക് നാട്ടിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഫലപ്രദമായ സംവിധാനമില്ല. ‘നോര്‍ക’ സെല്ലും മറ്റും കാര്യക്ഷമമല്ല. ലിബിയയില്‍ നിന്നും മടങ്ങേണ്ടി വന്ന പ്രവാസി നഴ്സുമാരുടെ പുനരധിവാസ കാര്യത്തില്‍ പോലും ഈ അവഗണന പ്രകടമാണ്. കേരളത്തില്‍ വിവാദങ്ങള്‍ ഒഴിഞ്ഞ് ഒന്നിനും സമയമില്ലാത്ത അവസ്ഥയായി. മറ്റു രാജ്യങ്ങള്‍ അനുദിനം വളര്‍ച്ച നേടുമ്പോള്‍ കേരളം അപകടരഹിതമായ റോഡുപോലും ഇല്ലാത്ത സ്ഥലമായി. അഴിമതി സാര്‍വത്രികമായി. ഇക്കാര്യമാണ് ഈയിടെ എ.കെ.ആന്‍റണി ചൂണ്ടിക്കാണിച്ചത്. നാടിനെ അഴിമതി മുക്തമാക്കാനുള്ള ഇഛാശക്തി നേതൃത്വത്തിനുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.