ആര്‍ത്തവമുള്ളപ്പോള്‍ സ്ത്രീകള്‍ ഭക്ഷണം പാചകം ചെയ്താല്‍ അടുത്ത ജന്മം പട്ടിയായ് ജനിക്കും; ഹിന്ദു സന്യാസി

ആര്‍ത്തവമുള്ളപ്പോള്‍ പാചകം ചെയ്യുന്ന സ്ത്രീകള്‍ അടുത്ത ജന്മം നായയായ് ജനിക്കുമെന്ന് ഹിന്ദു സന്യാസി. ഗുജറാത്തിലെ സ്വാമിനാരയന്‍ ഭുജ് മന്ദിറിലെ സ്വാമി കൃഷ്ണസ്വരൂപ് ദാസാണ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ച ആണുങ്ങള്‍ അടുത്ത ജന്മം കാളയായി ജനിക്കുമെന്നും സന്യാസി പറയുന്നു.
ഹോസ്റ്റലില്‍ കഴിയുന്ന 68 വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവമുണ്ടോ എന്ന് പരിശോധിക്കാന്‍ വസ്ത്രമഴിപ്പിച്ചു വിവാദത്തിലായ ഭുജ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത് ഇതേ വിഭാഗം സന്യാസിമാരാണ്. ഇതിന് പിന്നാലെ ഭുജ് രാത്രി സഭയില്‍ കൃഷ്ണസ്വരൂപ് ദാസ് നടത്തിയ പ്രസംഗം പുറത്തുവരുന്നത്.

ഞാനിത് പറഞ്ഞു എന്നതുകൊണ്ട് എല്ലാവരും വിചാരിക്കും ഞാന്‍ കടുത്ത ഗൗരവക്കാരനാണെന്ന്. ഞങ്ങള്‍ നായ്ക്കളാവുമെന്ന് പറഞ്ഞുകൊണ്ട് സ്ത്രീകള്‍ കരയും. അത് തന്നെയാണ്, നിങ്ങള്‍ക്ക് പട്ടിയാവേണ്ടി വരും..” ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ സന്യാസി പറഞ്ഞു.പത്ത് വര്‍ഷത്തില്‍ ഇതാദ്യമായാണ് താന്‍ ഉപദേശിക്കുന്നത് എന്ന് പറഞ്ഞ സ്വാമി ആണുങ്ങള്‍ പാചകം ചെയ്യാന്‍ പഠിക്കണം എന്നും പറഞ്ഞു. ‘എങ്കില്‍ മാത്രമേ മതത്തിന്റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടുപോവാന്‍ പറ്റൂ,’ കൃഷ്ണസ്വരൂപ് ദാസ്‌ജി പറഞ്ഞു.

Loading...

ആര്‍ത്തവ ദിവസങ്ങളില്‍ സഹപാഠികളോട് ഇടപഴകിയെന്നും അടുക്കളയില്‍ പ്രവേശിച്ചുവെന്നും പറഞ്ഞാണ് ഭുജ് ഹോസ്റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച്‌ പരിശോധിച്ചത്. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച്‌ പരിശോധന നടത്തുകയായിരുന്നു. കോളജ് വരാന്തയിലൂടെ റസ്റ്റ് റൂമിലേക്ക് പരേഡ് ചെയ്യിക്കുകയും സമ്മര്‍ദ്ദം ചെലുത്തി അടിവസ്ത്രം ഊരി ആര്‍ത്തവമില്ലെന്ന് തെളിയിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രം ഉരിയുക അല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് താന്‍ ഇക്കാര്യം പറയുന്നത്. നമ്മുടെ മതത്തിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കരുത് എന്ന് സന്ന്യാസിമാര്‍ തന്നോട് നിര്‍ദേശിച്ചിട്ടുളളതാണ്. എന്നാല്‍ താനിത് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് മനസ്സിലാകില്ലെന്നും കൃഷ്ണസ്വരൂപ് ദാസ്ജി പ്രസംഗത്തില്‍ പറയുന്നു. മതത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പാചകം പഠിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കുന്നതിന് മുന്‍പേ ആദ്യം പാചകം പഠിക്കാനും കൃഷ്ണസ്വരൂപ് ദാസ്ജി പുരുഷന്മാരോട് നിര്‍ദേശിച്ചു.