സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിര്‍മിക്കാൻ തീരുമാനിച്ചത് കോടികള്‍ മുടക്കിയുള്ള ആഡംബര വീട്: മൂന്നുമാസം മുന്‍പ് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രമുഖര്‍ പങ്കെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തലസ്ഥാനത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് കോടികള്‍ മുടക്കിയുള്ള ആഡംബര വീട്. തിരുവനന്തപുരം നഗരസഭയില്‍ നിന്ന് അനുമതി തേടിയത് 6,300 സ്ക്വയര്‍ഫീറ്റ് വീടിനാണ്. വീടുപണി പുരോ​ഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ കല്ലിടല്‍ ചടങ്ങിനു വിഐപികളും എത്തിയെന്നു നാട്ടുകാര്‍ ഇപ്പോൾ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്വപ്നയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തും വീടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണാനായി ഇവിടെ എത്താറുണ്ട്.

തിരുവനന്തപുരത്ത് ജഗതിയിലാണ് സ്വപ്നയുടെ വീട് പണിയുന്നത് . മൂന്നു നിലകളിലായി നിര്‍മിക്കുന്ന ഭവനം അടുത്തവര്‍ഷം വിഷുവിനു നിര്‍മാണം പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ ഒരു പ്രമുഖ നിര്‍മാണ കമ്പനിയ്ക്ക് കരാറും നല്‍കിയിരുന്നു. മൂന്നുമാസം മുന്‍പ് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രമുഖര്‍ പങ്കെടുത്തു. തറക്കല്ലിടല്‍ ചടങ്ങിനുശേഷം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ഉന്നതര്‍ പങ്കെടുത്ത പാര്‍ട്ടിയും നടത്തി. സ്വപ്ന കേസില്‍ കുടങ്ങിയതോടെ വീടുനിര്‍മാണം നിലച്ചു.

Loading...

അടിത്തറകെട്ടിയപ്പോൾ തന്നെ ചതുപ്പായതിനാല്‍ നിര്‍മാണ കമ്പനി പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വലിയ പില്ലറുകള്‍ വാര്‍ക്കാനായി വേറെ നിര്‍മാണകമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനു മാത്രം ലക്ഷങ്ങള്‍ ചെലവായി. ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പ്രമുഖ വ്യവസായിയോട് രണ്ടു ലക്ഷം രൂപ വായ്പയായി ചോദിച്ചപ്പോള്‍ പരിഹസിച്ചു വിട്ടെന്നും വാശി തീര്‍ക്കാനാണ് അവിടെ തന്നെ വലിയ വീടു പണിയുന്നതെന്നുമാണ് അയല്‍വാസികളോടു സ്വപ്ന പറഞ്ഞത്.