റിമാൻഡിലായ സ്വപ്ന സുരേഷ് ആദ്യ ദിവസം കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം: രാത്രി ഉറങ്ങാതെ വനിതാ പൊലീസുകാർ കാവലിരുന്നു

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം. തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ക്വാറന്റീൻ കേന്ദ്രത്തിലാണ് സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ചിരുന്നത്. വിയ്യൂർ ജയിലിലാക്കാനുള്ള റിമാൻഡ് പ്രതികളെയോ കുറ്റവാളികളെയോ കോവിഡ് നിരീക്ഷണത്തിനായി താമസിപ്പിക്കുന്ന സ്ഥലമാണ് അമ്പിളിക്കല ക്വാറന്റീൻ കേന്ദ്രം. സ്വപ്ന വരുന്നതുവരെ ഇവിടെ 22 പുരുഷ തടവുകാരും മൂന്ന് വനിതാ തടവുകാരുമാണ് ഉണ്ടായിരുന്നത്.

തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ അയ്യന്തോളിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലായിരുന്നു സ്വപ്നയെയും പാർപ്പിച്ചത്. പിടിയിലാകുന്നതിനു മുൻപ് സ്വപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു എന്നതിനാൽ കനത്ത സുരക്ഷയാണ് എൻഐഎ ഏർപ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസുകാർ ഇന്നലെ രാത്രി ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു എന്നാണ് വിവരം. കോവിഡ് സെന്ററിന്റെ ചുമതലയുള്ള ജയിൽ അധികൃതരും കടുത്ത ജാഗ്രതയിലായിരുന്നു.

Loading...

സ്വപ്നയുടെ കൂടെ പാർപ്പിച്ചിരുന്ന ശാശ്വതിയും കോവിഡ് നിരീക്ഷണത്തിലാണ്. 2016 മാർച്ചിലായിരുന്നു ശാശ്വതി ഉൾപ്പെട്ട കൊലപാതകം. തൃശൂർ അഡിഷനൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഇവർ ഉൾപ്പടെ അഞ്ചു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അമ്പിളിക്കല ക്വാറന്റീൻ കേന്ദ്രത്തിൽ താമസിപ്പിക്കുന്ന തടവുകാരുടെ കോവിഡ് പരിശോധനാ ഫലം വരുന്നതോടെ വിയ്യൂർ ജയിലിലേക്ക് അയയ്ക്കുകയാണ് ചെയ്യാറുള്ളത്.