സ്വപ്ന ബം​ഗലൂരുവിലേക്ക് കടന്നത് സന്ദീപിനും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം: എന്‍ഐഎ സ്വപ്നയെ കുടുക്കിയത് മകളുടെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന്

ബെംഗളൂരു: കേരളം കാത്തിരുന്ന വാർത്തയാണ് സ്വപ്നയുടെ അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലായത് ഇന്നാണ്. ബെംഗളൂരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റ‍ഡിയിലെടുത്തത്. ഒളിവിൽപ്പോയി ആറു ദിവസത്തിനു ശേഷമാണ് ഇവർ കസ്റ്റഡിയിലായത്.

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നേരത്തോട് നേരം പിന്നിടുമ്പോഴാണ് പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലായത്. സന്ദീപിനും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബെഗംളൂരുവിലേക്ക് കടന്ന സ്വപ്‌നയുടെ മകളുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.

Loading...

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് തന്നെ സ്വപ്‌ന എവിടെയാണ് എന്നതിനെപ്പറ്റി അന്വേഷണ സംഘത്തിന് കൃത്യമായ സൂചന ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളുരുവിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവരെ ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിലേക്കു കൊണ്ട് വരുമെന്നാണ് വിവരം. സ്വപ്‌ന സുരേഷ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യുഎപിഎ ചുമത്തിയതിന് പിന്നാലെ, കീഴടങ്ങാന്‍ ഇവര്‍ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്.