നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയത്, വിദേശരാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ: സത്യത്തില്‍ ലാഭം അല്ലേ അത്: ഒളിവിലുള്ള സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് അന്വേഷ ഉദ്യോ​ഗസ്ഥർ നൽകുന്ന മറുപടി. ഒളിവിനിടയിലും സ്വപ്ന ഫേസ്ബുക്കിൽ സജീവമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വപ്‌നയുടേതെന്ന് കരുതുന്ന ഫേസ്ബുക്കില്‍ മറ്റുള്ളവർ രേഖപ്പെടുത്തുന്ന കമന്റുകള്‍ക്ക് അവര്‍ മറുപടി നല്‍കുന്നുണ്ട്.

Loading...

‘നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയത്, വിദേശരാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ. സത്യത്തില്‍ ലാഭം അല്ലേ അത്. നീയൊക്കെ എന്തു കണ്ടിട്ടാണ് ഇവിടെ വന്നു കരഞ്ഞു കാണിക്കുന്നത്…’-സ്വപ്‌നയുടേതെന്ന് കരുതുന്ന ഒരു കമന്റ് ഇങ്ങനെയാണ്. ഇത്തരത്തിലുള്ള സ്ക്രീൻഷോട്ടുകൾ ഇതിനകം തന്നെ വൈറലാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങൾക്ക് വന്ന കമന്റിന് മറുപടി നൽകിയാണ് സ്വപ്ന സജീവമായിരിക്കുന്നത്.

‘ഞാൻ പേടിച്ചു കേട്ടോ’ന്ന് സ്വപ്നയുടെ കമന്റ്. ‘ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ…’ എന്നാണ് ഇതിന് ഒരു വിരുതന്റെ മറുപടി. ഇയാൾക്കും മറുപടി കൊടുക്കുന്നുണ്ട് സ്വപ്ന. ‘അതെ, എന്തേലും സംശയമുണ്ടോ’ എന്നാണ് ഇതിന് സ്വപ്ന നൽകുന്ന ഉത്തരം.

അതേസമയം, സ്വപ്നയുടെ മറ്റൊരു കമന്റും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. അതിൽ, രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നുമാണ് ചോദിക്കുന്നത്.

അതേസമയം സ്വപ്നയെ പിരിച്ചു വിട്ടതായി ഐടി വകുപ്പ് ഇന്ന് അറിയിച്ചിരുന്നു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റൊരു പ്രതിയും യു എ ഇ കോൺസുലേറ്റിലെ മുൻ പി ആർ ഒയും ആയിരുന്ന സരിത്ത് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിക്കുന്നുണ്ട്.

ഇതിനിടയിൽ സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ കസ്റ്റംസ് സംഘം പരിശോധനക്കെത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഫ്ളാറ്റിൽ പരിശോധന ആരംഭിച്ചത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അതേ സമയം അന്വേഷണം നടക്കുന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞു.