ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തി: പിടിച്ചെടുത്ത സ്വർണം തിരിച്ചുകിട്ടാൻ സ്വപ്ന സുരേഷ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു

തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്തുകേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണ്ണകടത്തിന് യുഎഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ പങ്കാളിത്തവും കസ്റ്റംസ് പരിശോധിക്കുകയാണ്. ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തിയെന്നാണ് വിവരം. പിടിച്ചെടുത്ത സ്വർണം തിരിച്ചുകിട്ടാൻ സ്വപ്ന സുരേഷ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും റിപ്പോർട്ടുകൾപുറത്തു വരുന്നു.

നയതന്ത്ര ചാനലിലൂടെ കാ‍ർഗോ എത്തിയതിന്‍റെ പത്ത് എയർവേ ബില്ലുകൾ കസ്റ്റംസ് പിടിച്ചെടുത്തു. സ്വർണം കടത്തിയ ബാഗേജ് പിടിച്ചെടുത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും വ്യക്തമായി. കഴിഞ്ഞ ജനുവരിയിലാണ് നയതന്ത്ര ചാനലിലൂടെ സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബായിൽ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വർണം അയച്ചിരുന്നത്.

Loading...

സ്വപ്ന സുരേഷിനെ കേസിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഇതിനിടെ കസ്റ്റംസും രംഗത്തെത്തി . ഒളിവിൽക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. നയതന്ത്ര ബാഗ് ആണെന്നും പിടിച്ചെടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതുനടക്കാതെ വന്നതോടെ യുഎഇ കോൺസുലേറ്റിൽ നിന്ന് വിളിയെത്തി. പിന്നാലെ കോൺസുലേറ്റ് അറ്റാഷേ തന്നെ വിമാനത്താവളത്തിലെത്തി. പിടിച്ചെടുത്ത ബാഗേജ് തിരിച്ചയ്ക്കാനുളള ശ്രമവും ഉണ്ടായി.