സ്വപ്ന സുരേഷ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമയെ ഏൽപിച്ച ബാ​ഗിൽ 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തപ്പോൾ 14 ലക്ഷം : 26 ലക്ഷം മുക്കിയതാര്?

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിടും മുൻപ് പണമടങ്ങിയ ബാ​ഗ് ഏൽപ്പിച്ചത് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമയെ എന്ന് റിപ്പോർട്ട്. സ്വപ്ന ബാ​ഗ് ഏൽപ്പിക്കുമ്പോൾ ബാ​ഗിനുള്ളിൽ 40 ലക്ഷം രൂപയുണ്ടായിരുന്നു. സ്വപ്ന സുരേഷ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ അടിസ്ഥാനത്തിലാണ് സംഘം പണമടങ്ങിയ ബാ​ഗ് കണ്ടെടുത്തത്.

പണമടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അന്വേഷണ സംഘത്തിലെ ഉദ്യോ​ഗസ്ഥർ ബാ​ഗ് പരിശോധിച്ചപ്പോൾ ബാഗിലെ 26 ലക്ഷം രൂപ കാണാതായി. സരിത്തിന്റെ വീട്ടിൽനിന്നു ബാഗ് കണ്ടെടുക്കുമ്പോൾ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രമായിരുന്നു. 26 ലക്ഷം ആരെടുത്തുവെന്നും ഉദ്യോ​ഗസ്ഥർ അന്വേഷിക്കുന്നുണ്ട്. സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്.

Loading...

ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമ സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ്. വാർത്താ ചാനലുകൾക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏൽപിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഉടനെ തന്നെ ഇയാളുടെ മൊഴിയെടുക്കും. മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, മക്കൾ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവർക്കായി എറണാകുളത്തു ഹോട്ടൽ ബുക്ക് ചെയ്തു. സ്വർണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടിൽ ഒളിപ്പിക്കും മുൻപ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.