മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ഫോട്ടോ കൃത്രിമമല്ലെന്ന് സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി ഇപി ജയരാജന്റെ മകനൊപ്പം നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നു സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം സ്വപ്നയെയും ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സമയത്താണ് സ്വപ്ന നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയത്. ദൃശ്യം പകർത്തുമ്പോൾ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകി. പുറത്തുവന്ന ചിത്രം യഥാർത്ഥമാണെന്നും ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണിതെന്നും സ്വപ്ന അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകി.

സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ വിവാദമുണ്ടാക്കാൻ ചിത്രം മോർഫ് ചെയ്തതാണെന്ന ആരോപണം തള്ളിയാണ് സ്വപ്ന നിർണ്ണായക മൊഴി അന്വേഷണസംഘത്തിന് മുന്നിൽ നൽകിയിരിക്കുന്നത്. ചിത്രം കൃത്രിമമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം വരെ വാദിച്ചിരുനന്ത്. ഈ വാ​ദത്തെയെല്ലാം തള്ളിക്കളഞ്ഞാണ് സ്വപ്നയുടെ മൊഴി പുറത്തുവന്നിരിക്കുന്നത്. സരിത്തിനും സന്ദീപ് നായർക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോൾ മന്ത്രിപുത്രനടക്കമുള്ളവർ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാണെന്നും സ്വപ്ന മൊഴി നൽകി.

Loading...

സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എൻഐഎ ആരാഞ്ഞു. ഇതിൽ മന്ത്രിയുടെ മകനുമായി കമ്മിഷൻ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നൽകിയതായാണ് വിവരം. കമ്മിഷൻ ഇടപാടിൽ ബന്ധമില്ലെന്ന മുൻനിലപാടിൽ ശിവശങ്കറും ഉറച്ചു നിന്നിരുന്നു.