സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കും

കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ഇ.ഡിയുടെ ഡല്‍ഹി ഓഫീസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ കൂടുതല്‍ ചോദ്യംചെയ്ത ശേഷം രഹസ്യമൊഴിയില്‍ പേരുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇ.ഡിയുടെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത്. അതുകൊണ്ട് തന്നെ ഇ.ഡിയുടെ കൊച്ചി ഓഫീസിനെ ഏല്‍പിക്കാതെ ഡല്‍ഹി ഓഫിസില്‍ നിന്നാണ് തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നത്. സ്വപ്നയെ ബുധനാഴ്ച ചോദ്യംചെയ്ത് ഇ.ഡി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

Loading...

നേരത്തെ കസ്റ്റംസ് കേസില്‍ രഹസ്യമൊഴി നല്‍കി കൃത്യം ഒന്നര വര്‍ഷത്തിനു ശേഷമാണ് സ്വപ്ന സുരേഷ് വീണ്ടും ഇത്തരത്തില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എല്ലാ കേസിലും ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ സ്വപ്നയെ 2021 നവംബര്‍ 11ന് ഇ.ഡി കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നെങ്കിലും കോടതിയില്‍ നല്‍കിയിരുന്ന മൊഴി ഇ.ഡിക്ക് ലഭിച്ചിരുന്നില്ല.

എന്‍.ഐ.എ കേസിലാണ് ആദ്യം സ്വപ്ന രഹസ്യമൊഴി നല്‍കിയത്. പിന്നീട് ഈ മൊഴി കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും എന്‍.ഐ.എ കോടതി ഇതിന് അനുമതി നല്‍കിയിരുന്നില്ല. പിന്നീട് 2020 ഡിസംബറില്‍ കസ്റ്റംസിന്റെ ആവശ്യ പ്രകാരം കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. കസ്റ്റംസിനോട് ഇ.ഡി ഈ രഹസ്യമൊഴി ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസ് ഈ ആവശ്യം നിരസിച്ചിരുന്നു. ഇ.ഡിക്ക് രഹസ്യ മൊഴി ലഭിച്ചതോടെ അന്വേഷണം ഉന്നതങ്ങളിലേക്ക് എത്തുമെന്നാണ് സൂചന.