മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിൽ കറൻസി കടത്തി; വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. ​ഗുരുതരമായ ആരോപണങ്ങളുമായാണ് സ്വപ്ന സുരേഷ് ഇപ്പോൾ രം​ഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരാണ് സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

”എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ – കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെൻറ്, ഇത് എൻറെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്”, എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു.

Loading...

രഹസ്യമൊഴി അന്വേഷണത്തിൻറെ നിർണായകഭാഗമായതിനാൽ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, തനിക്ക് പറയാനാകുന്ന കാര്യങ്ങൾ പറയാം എന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്. സ്വപ്ന പറയുന്നതിങ്ങനെ: ”2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിൻറെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു.

അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിൻറെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്”, എന്ന് സ്വപ്ന.