ബാങ്കോക്കിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് വിദേശത്തേയ്ക്ക് കടത്തും, സെയ്ദ് ഹുസൈൻ കോയ തങ്ങൾ അറസ്റ്റിൽ

മലപ്പുറം : ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ (38) ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. പിടിയിലായ സെയ്ദ് ഹുസൈൻ കോയ തങ്ങൾ
ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്കും ഇവിടെനിന്ന് പുറത്തേക്കുമെത്തിക്കുന്ന കാരിയറാണ്

ഈ വർഷം പത്തിലധികം തവണ ഇയാൾ ബാങ്കോക്കിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് കള്ളക്കടത്ത് നടത്തുന്നത്. ഇവിടെനിന്ന് ഖത്തർ, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചുനൽകുന്നു. ഇതിന് മറ്റു കാരിയർമാരെയും ഉപയോഗപ്പെടുത്തുന്നു.

Loading...

ഓരോ യാത്രയിലും 50 ലക്ഷത്തിന്റെ ലഹരിമരുന്നാണ് ഇയാൾ കടത്തുന്നത്. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നു. സ്വർണക്കടത്തിലും ഇയാൾ കാരിയറായി പ്രവർത്തിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് ഗൂഡല്ലൂർ പാടന്തറയിൽ താമസിച്ചുവരുന്ന ഹുസൈൻ കോയ തങ്ങൾ വ്യാജ ചികിത്സ നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപ് കരിപ്പൂർ വിമാനത്താവളപരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വിലവരുന്ന ഹൈബ്രിഡ് ലഹരിമരുന്നായ തായ് ഗോൾഡുമായി പിടികൂടിയ കേസിലാണ് ഹുസൈൻ കോയ തങ്ങൾ അറസ്റ്റിലായത്.